Dr Gayatri Gopan
MBBS MD(General Medicine) DNB DM(Medical Oncology) DrNB
Consultant Medical Oncologist
GG Hospital and Sree Gokulam Medical College
9447538517
ഫെബ്രുവരി 4 - 'വേള്‍ഡ് കാന്‍സര്‍ ഡേ ' ആയി നാം ആചരിക്കുന്നു. അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍, ചികിത്സാ രീതികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ പറ്റി മനസ്സിലാക്കാന്‍ ഈ മാസം നമുക്ക് പ്രയോജനപ്പെടുത്താം.
സ്തനാര്‍ബുദത്തെക്കുറിച്ചു താഴെ കൊടുത്തിരിക്കുന്ന പന്ത്രണ്ട് ചോദ്യോത്തരങ്ങളിലൂടെ നമുക്ക് കൂടുതല്‍ അറിവ് നേടാനാകും.

1. സ്തനാര്‍ബുദം വരാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?
ജനിതക കാരണങ്ങള്‍, ജീവിതശൈലി വ്യത്യാസങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ സ്തനാര്‍ബുദത്തിലേക്കു നയിച്ചേക്കാം. പ്രായം കൂടുമ്പോള്‍ സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യത കൂടുന്നു. ആര്‍ത്തവാരംഭം നേരത്തെയാകുക, ആര്‍ത്തവവിരാമം വൈകി ഉണ്ടാവുക, കുട്ടികള്‍ ഉണ്ടാകാത്ത ശാരീരികാവസ്ഥ, മുലയൂട്ടാതിരിക്കുക എന്നിവയെല്ലാം രോഗ കാരണങ്ങള്‍ ആകാം. ജീവിതശൈലി വ്യതിയാനങ്ങള്‍ അമിത ശരീര ഭാരത്തിലേക്കും അത് മൂലം ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കാം. അമിത ഭാരം സ്തനാര്‍ബുദത്തിലേക്കും നയിക്കാം. പുരുഷന്മാരിലും
സ്തനാര്‍ബുദം ഉണ്ടാകാറുണ്ട്.

2. ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
സ്തനങ്ങളില്‍ കാണുന്ന മുഴ (പ്രത്യേകിച്ചും വേദനയില്ലാത്തവ) സ്തനാര്‍ബുദ ലക്ഷണമാവാം. മുലകണ്ണ് ഉള്‍വലിയുക, മുലക്കണ്ണില്‍ നിന്നും രക്തം വരുക, തൊലിപ്പുറത്തെ വ്യത്യാസങ്ങള്‍, കക്ഷത്തു കാണുന്ന മുഴ എന്നിവയെല്ലാം വൈദ്യപരിശോധന അര്‍ഹിക്കുന്നവയാണ്. അര്‍ബുദം മറ്റു അവയവങ്ങളിലേക്കും പടര്‍ന്നു കഴിഞ്ഞാല്‍ നടുവേദന, ശ്വാസം മുട്ടല്‍, തലവേദന, മഞ്ഞപ്പിത്തം എന്നിവയൊക്കെ ഉണ്ടാക്കും.

3. രോഗം സ്ഥിരീകരിക്കുന്നത് എങ്ങിനെയാണ്?
മാമ്മോഗ്രാം ടെസ്റ്റിംഗ് വഴി മാറിലെ മുഴകളെ കണ്ടെത്താനും അര്‍ബുദം ആകാന്‍ സാധ്യതയുള്ളവയെ തിരിച്ചറിയാനും സഹായിക്കുന്നു. ആകഞഅഉട എന്നറിയപെടുന്ന ഒരു മൂല്യ നിര്‍ണയരീതിയിലൂടെയാണ് ഇത് ചെയ്യുന്നത്. മുഴയുടെ ബൈയോപ്സി എടുക്കുന്നതിലൂടെ അത് അര്‍ബുദം ആണോയെന്നും, ആണെങ്കില്‍ അതിന്‍റെ വകഭേദം ഏതാണെന്നും അറിയാന്‍ സാഹായകമാവുന്നു. അര്‍ബുദം മറ്റുള്ള അവയവങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ CT സ്കാന്‍ അല്ലെങ്കില്‍ PET സ്കാന്‍ എടുക്കേണ്ടി വരും. മാറില്‍ നിന്നും മറ്റുള്ള അവയവങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് രോഗത്തിന്‍റെ നാലാമത്തെ സ്റ്റേജായി കണക്കാക്കുന്നു (അര്‍ബുദത്തിന് നാല് സ്റ്റേജുകളാണുള്ളത്).

4. സ്തനാര്‍ബുദത്തിനു വകഭേദങ്ങള്‍ ഉണ്ടോ? അവ ഏതെല്ലാമാണ്?
ഉണ്ട്. അവ ഏറെയുമാണ്. വകഭേദങ്ങള്‍ ചികിത്സാരീതികളെയും ബാധിക്കും. Hormone റിസെപ്റ്റര്‍ പോസിറ്റിവ്, Her 2 Positive, ട്രിപ്പിള്‍ നെഗറ്റീവ് തുടങ്ങി പല തരത്തിലുള്ള സ്തനാര്‍ബുദം ഉണ്ട്. ഇവയൊരിന്നിന്‍റെയും ചികിത്സാ വെവ്വേറെയാണ്. മേല്‍പറഞ്ഞ വകഭേദങ്ങള്‍ കൂടാതെ Invasive Ductal Carcinoma, Invasive Lobular Carcinoma എന്നിവയും ഉണ്ട്.

5. പുരുഷന്മാര്‍ക്ക് സ്തനാര്‍ബുദം വരുമോ?
അപൂര്‍വമായി പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം വരാം. നെഞ്ചിലെ തടിപ്പായാണ് സാധാരണ ഇത് കാണുന്നത്. ആണുങ്ങളില്‍ ഈ അര്‍ബുദം വരില്ല എന്ന മിഥ്യധാരണ കൊണ്ടുതന്നെ പലരും രോഗം കൂടിയതിനു ശേഷമാണ് വൈദ്യപരിശോധനക്ക് എത്തുന്നത്. രോഗനിര്‍ണയം കഴിഞ്ഞാല്‍ ചികിത്സാരീതികളില്‍ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസമൊന്നും ഇല്ല.

6. ചെറുപ്പക്കാരില്‍ സ്തനാര്‍ബുദം വരുമോ?
പ്രായം കൂടുമ്പോള്‍ സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യത ഏറുമെങ്കിലും ചെറുപ്പക്കാരിലും ഈ രോഗം വരാം. 'ട്രിപ്പിള്‍ നെഗറ്റീവ്' എന്ന വകഭേദം ആണ് ചെറുപ്പക്കാരില്‍ കൂടുതലായി കാണുന്നത്. ഇത് മറ്റുള്ളവയെക്കാള്‍ മോശമായ ടൈപ്പ് ബ്രേസ്റ്റ് കാന്‍സര്‍ ആണ്.. ചെറുപ്പക്കാരില്‍ അസുഖം
വന്നാല്‍ ജനിതക ടെസ്റ്റുകള്‍ ചെയ്യണം. ഡോക്ടറോട് Family Screening നെ പറ്റി ചോദിച്ചു മനസ്സിലാക്കുകയും വേണം.

7. ഗര്‍ഭിണികളില്‍ സ്തനാര്‍ബുദം കാണാറുണ്ടോ?
ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും സ്തനാര്‍ബുദം കാണാറുണ്ട്. പലപ്പോഴും ഇവര്‍ക്കു സ്തനങ്ങളില്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെട്ടാലും അത് ഗര്‍ഭത്തിന്‍റെയോ, മുലയൂട്ടുന്നതിന്‍റെയോ കാരണമാകാം എന്ന് കരുതി രോഗം മൂര്‍ച്ഛിച്ചതിനു ശേഷം പലപ്പോഴും ചികിത്സാ തേടി എത്തുന്നത് .

8. സ്തനാര്‍ബുദത്തിന്‍റെ ചികിത്സാരീതികള്‍ എന്തെല്ലാമാണ്?
സ്തനാര്‍ബുദത്തിന്‍റെ Stage, വകഭേദം (Type) ഇവയൊക്കെ മനസ്സിലാക്കിയ ശേഷമാണ് ചികിത്സാ തീരുമാനിക്കുന്നത്. പ്രായമനുസരിച്ചും ചികിത്സക്കു വ്യത്യാസം വരാം. സര്‍ജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ടാര്‍ഗറ്റ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നി
വയാണ് ചികിത്സക്കുപയോഗിക്കുന്ന പ്രധാന രീതികള്‍. ട്യൂമറിന്‍റെ വലുപ്പം കൂടുതലാണെങ്കില്‍ കീമോതെറാപ്പി ചെയ്തു വലുപ്പം കുറിച്ചിട്ടു സര്‍ജറി ചെയ്യുന്നു. സ്തനങ്ങള്‍ മുഴുവനായി നീക്കം ചെയ്യാതെ തന്നെ Breast Conservation Surgey, Breast Reconstruction എന്നിങ്ങനെയുള്ള ചികിത്സാ രീതികളും ഇന്ന് ലഭ്യമാണ്.

9. നാലാമത്തെ സ്റ്റേജിലെത്തിയ ( Metastatic Breast Cancer ) സ്തനാര്‍ബുദത്തെ ചികിത്സിക്കാന്‍ സാധിക്കുമോ?
അര്‍ബുദത്തിന് നാല് സ്റ്റേജുകളാണുള്ളതെന്ന് നേരത്തെ പറഞ്ഞുവല്ലോ. രോഗം മറ്റുള്ള അവയവങ്ങളിലേക്കുകൂടി പടരുന്ന അവസ്ഥയെ ആണ് നാലാമത്തെ സ്റ്റേജായി കണക്കാക്കുന്നത്. ഇതില്‍ പോലും വളരെ ഫലപ്രദമായ ചികിത്സ ഇന്ന് സ്തനാര്‍ബുദത്തിനു ലഭ്യമാണ്. ചില സ്തനാര്‍ബുദങ്ങള്‍ക്കു കീമോതെറാപ്പിയുടെ ആവശ്യം പോലും ഇല്ല. ഹോര്‍മോണ്‍ തെറാപ്പി, ടാര്‍ഗെറ്റെഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നി രീതികള്‍ രോഗത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കും .

10. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനാകുമോ?
സ്ക്രീനിംഗ് മാമ്മോഗ്രാം വഴി സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനാകും. നാല്പതു വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ എല്ലാ വര്‍ഷവും മാമ്മോഗ്രാം ചെയ്യണമെന്ന് അര്‍ബുദ മാര്‍ഗരേഖകള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. തടിപ്പോ മുഴകളോ മറ്റോ ഉണ്ടോ എന്നറിയാന്‍ സ്വയം സ്തന പരിശോധനയും വളരെ പ്രധാനമാണ്. ആര്‍ത്തവത്തിന് ഒരാഴ്ചക്ക് ശേഷമാണ് ഇത്തരം പരിശോധന ചെയ്യേണ്ടത്.

11. സ്തനം മുഴുവന്‍ നീക്കം ചെയ്യാതെ സ്തനാര്‍ബുദ ശസ്ത്രക്രിയ ചെയ്യാമോ?
ചെയ്യാം, സ്തനം മുഴുവന്‍ നീക്കം ചെയ്യാത്ത Breast Conservation Surgery (BCS) ഇന്ന് ലഭ്യമാണ്. മിക്കവാറും ഉള്ള സ്തനാര്‍ബുദങ്ങള്‍ക്കും ഇപ്പോള്‍ ഈ ചികിത്സയാണ് ചെയ്യാറുള്ളത്.. കീമോതെറാപ്പി എടുത്ത് മുഴയുടെ വലിപ്പം കുറച്ചതിനുശേഷം ഇത്തരത്തിലുള്ള സര്‍ജറി ചെയ്യാനാകുന്നു..
Breast Reconstruction Surgery ഉം ഇന്ന് ലഭ്യമാണ്.

12. കീമോതെറാപ്പി ഇല്ലാതെ സ്തനാര്‍ബുദ ചികിത്സ ചെയ്യാനാകുമോ?
ഹോര്‍മോണ്‍ പോസിറ്റീവ് ആയിട്ടുള്ള ഒന്നാം സ്റ്റേജില്‍ കണ്ടുപിടിക്കപ്പെട്ട സ്തനാര്‍ബുദത്തിന് മിക്കവാറും കീമോതെറാപ്പി വേണ്ടി വരില്ല, മറിച്ച് സര്‍ജറി, റേഡിയേഷന്‍ ഹോര്‍മോണ്‍ ചികിത്സ എന്നിവ മതിയാകും. ഇതുപോലെ തന്നെ ഹോര്‍മോണ്‍ പോസിറ്റീവ് ആയിട്ടുള്ള നാലാമത്തെ
സ്റ്റേജിലെ സ്തനാര്‍ബുദത്തിനും (മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്ന്) മിക്ക അവസരങ്ങളിലും കീമോതെറാപ്പി വേണ്ടി വരാറില്ല. മറിച്ച് ഹോര്‍മോണ്‍ചികിത്സ മാത്രം മതിയാകും. ടാര്‍ജെറ്റഡ് തെറാപ്പി ഇമ്മ്യൂണോ തെറാപ്പി എന്നിവയും സ്തനാര്‍ബുദത്തിന്‍റെ മറ്റു ചികിത്സാരീതികള്‍ ആണ്.

ഭയവും നാണവുമൊക്കെ മാറ്റിവെച്ച് സ്തനാര്‍ബുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കി കഴിവതും നേരത്തെതന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുന്നതിനാണു നാം ശ്രമിക്കേണ്ടത്.

ഡോ. ഗായത്രി ഗോപൻ