For Booking

ആയുർവേദവും ഓട്ടിസത്തിലെ നൂതനസാധ്യതകളും
ഓട്ടിസം ഇന്ന് ഒറ്റപ്പെട്ട ഒരു രോഗനിർണയത്തിലുപരി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നേർക്കാഴ്ചയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈയവസ്ഥ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുവാനോ മറ്റുള്ളവരുമായി ഇടപഴകുവാനോ കഴിയാത്ത വിധം ഒരു കുഞ്ഞിനെ കീഴടക്കുന്നു. സ്വയം എന്ന് അർത്ഥം വരുന്ന ഓട്ടോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓട്ടിസം എന്ന വാക്കിന്റെ ഉത്ഭവം. ഓട്ടിസമുള്ള ഒരു വ്യക്തി, അവനവൻറേതായ ഒരു ലോകത്തിൽ ആണ് ജീവിക്കുന്നത്.ഒപ്പമുള്ളവരെക്കുറിച്ച് ചിന്തിക്കാനോ, അവരുമായി തൻറെ ചിന്തകളും വികാരങ്ങളും പങ്കു വെക്കാനോ ആ കുഞ്ഞിന് കഴിയില്ല. സ്വതവേ ഒറ്റപ്പെട്ടു ജീവിക്കുന്ന ഇവർക്ക് മറ്റു കുട്ടികളുടെ ഒപ്പം കളിക്കാനോ കൂട്ടുകൂടുവാനോ താൽപര്യം ഉണ്ടാവാറില്ല. കളിപ്പാട്ടങ്ങൾ കൊണ്ട് കൂട്ടുകൂടി കളിക്കുന്നതിനുപകരം മണിക്കൂറുകളോളം അവ ഒരേ നിരയിൽ വെച്ച് കളിക്കുന്നു. അതിന് എന്തെങ്കിലും മാറ്റം വന്നാൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. തലച്ചോറിലെ ചില തകരാറുകൾ മൂലം ഭാഷാശേഷി, വികാരപ്രകടനങ്ങൾ എന്നിവ വികലമായിരിക്കും. പ്രായത്തിനനുസരിച്ച് സംസാരശേഷി കുറവായിരിക്കും. ദൈനംദിന കാര്യങ്ങളിൽ വരുന്ന ചെറിയ മാറ്റം വരെ ഇവരെ വലിയ രീതിയിൽ അസ്വസ്ഥരാക്കാറുണ്ട്. അടുത്ത കുടുംബാംഗങ്ങളുമായി പോലും ആശയവിനിമയം നടത്താൻ ഓട്ടിസമുള്ള കുഞ്ഞിന് പലപ്പോഴും കഴിയാറില്ല. അമിതമായ ദേഷ്യം, നിർബന്ധബുദ്ധി, അക്രമവാസന, അപസ്മാരം, ദഹനസംബന്ധമായ തകരാറുകൾ തുടങ്ങി വിവിധ ലക്ഷണങ്ങൾ ഓട്ടിസത്തിൽ കാണാം. 
 
  ഒരു കുഞ്ഞ് ജനിക്കുന്നത് ഓട്ടിസ്റ്റിക് ആയിട്ടാണെങ്കിലും പലകാരണങ്ങളാൽ പലപ്പോഴും ഈ അവസ്ഥ കണ്ടുപിടിക്കപ്പെടുന്നത് വൈകിയായിരിക്കും. തൻറെ കുഞ്ഞ് ഓട്ടിസ്റ്റിക് ആണ് എന്ന് ആദ്യമായി കേൾക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുന്ന അമ്പരപ്പ് നമുക്ക് ഊഹിക്കാം. പ്രതീക്ഷയോടെ മാറി മാറി കാണിക്കുന്ന ഡോക്ടർമാർ എല്ലാം കുഞ്ഞിന് ഓട്ടിസമാണെന്ന് വിധിയെഴുതുന്ന നാൾ മുതൽ രക്ഷിതാക്കളുടെ ജീവിതത്തിലെ അഗ്നിപരീക്ഷണം തുടങ്ങുന്നു. ഓട്ടിസ്റ്റിക്  ആയ കുഞ്ഞിനെ വളർത്തുമ്പോൾ നിത്യേന അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികൾ നേരിടുക എളുപ്പമല്ല. ഈയവസരത്തിൽ സ്വയം ശക്തരാകാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ഓട്ടിസത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുക എന്നതാണ് ഏകമാർഗം. ഓട്ടിസം ബാധിക്കുന്നത് ഒരു കുഞ്ഞിനെ ആണെങ്കിലും അതിന്റെ പ്രതിഫലനം കുടുംബത്തിലും അവരടങ്ങുന്ന സമൂഹത്തിലും ദൃശ്യമാണ്. ഓട്ടിസം ഒരു രോഗാണു കാരണം ഉണ്ടാകുന്നതോ ഒരവയവത്തെ മാത്രം ബാധിക്കുന്നതോ ആയ ഒരു രോഗമല്ല. ജനനം മുതൽ മരണം വരെ ഏറിയും കുറഞ്ഞും ഒരു വ്യക്തിയിൽ നിലനിൽക്കുന്നതും ശാരീരികവും മാനസികവുമായ നിരവധി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ഒരവസ്ഥ ആണ്. ചികിത്സയോടൊപ്പം നല്ല പരിചരണവും പ്രധാനമാണ്. കുടുംബാംഗങ്ങൾ, അയൽക്കാർ, സ്കൂളിലെ ടീച്ചർമാർ, കൂട്ടുകാർ തുടങ്ങി കുഞ്ഞുമായി ഇടപെടുന്ന ആളുകളുടെ സഹകരണം ചികിത്സ എളുപ്പമാക്കും. പക്ഷേ, നിർഭാഗ്യവശാൽ ഭൂരിഭാഗം കേസുകളിലും, മറ്റേതൊരു പെരുമാറ്റം വൈകല്യവും പോലെ ഇവരും മനോരോഗികളെന്നു മുദ്ര കുത്തപ്പെടുന്നു. മരുന്നു മാത്രമല്ല ഓട്ടിസത്തിൻറെ ചികിത്സ എന്നും ചേർത്തുനിർത്തലും പ്രധാനമാണെന്നും സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. 
വേണ്ടത്-വേറിട്ട ഒരു സമീപനം
 ഒരൊറ്റ മരുന്ന് എന്നതിലുപരി ശരിയായ പോഷണം, സാമൂഹികം, വൈകാരികം തുടങ്ങി ആ കുഞ്ഞിനെ സംബന്ധിച്ചതെല്ലാം അടങ്ങുന്ന ഒരു സമന്വിതചികിത്സാസമ്പ്രദായം അല്ലെങ്കിൽ ഹോളിസ്റ്റിക് സമീപനം ആണ് ഇവിടെ ആവശ്യം. ആയുർവേദം പോലെ നോൺലീനിയർ ചികിത്സാ രീതികൾ ഫലപ്രദമാകാനുള്ള കാരണവും ഇതാണ്. ഓട്ടിസം, നാഡീവ്യൂഹത്തെ ബാധിച്ച് പെരുമാറ്റവൈകല്യങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം ദഹനത്തേയും മറ്റു ശാരീരികപ്രവർത്തനങ്ങളേയും തകരാറിലാക്കുകയും ചെയ്യുന്നു.ഓട്ടിസത്തിൽ ആയുർവേദം അനുശാസിക്കുന്നത് വ്യക്ത്യധിഷ്ഠിതചികിത്സയാണ്. അത് ഒരിക്കലും രോഗ-ഔഷധസമവാക്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. കുഞ്ഞിൻറെ പ്രായം, സാഹചര്യം, ദേശ-കാലങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പരിശോധിച്ച് ശാസ്ത്രീയമായി ചെയ്യുന്ന ചികിത്സാ പദ്ധതി ആണത്. 
അഗസ്ത്യ – കാലഘട്ടത്തിന്റെ ആവശ്യം
കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ കോട്ടക്കൽ ആയുർവേദ കോളേജിലെ ശിശുരോഗവിഭാഗത്തിൽ ഡോ.കെ.എസ്.ദിനേശിൻറെ നേതൃത്വത്തിൽ വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുത്ത സമഗ്രചികിത്സാപദ്ധതിയാണ് AGASTYA. അഗസ്ത്യ എന്നാൽ ആയുർവേദ മരുന്നുകൾ, Gut therapy, ആയുർവേദ ജീവിതശൈലി, രക്ഷിതാക്കൾക്കുള്ള പരിശീലനം, യോഗചര്യ ഇവയോടൊപ്പം ഒക്യുപേഷണൽ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, സ്പീച്ച് തെറാപ്പി, കൗൺസലിംഗ് എന്നിവ കൂടി ചേരുന്നതാണ്. ഇങ്ങനെ ഓട്ടിസം ബാധിച്ച കുഞ്ഞിൻറേയും കുടുംബത്തിന്റേയും നിത്യജീവിതം താരതമ്യേന ശാന്തവും സമാധാനപരവുമാകുന്നു. ക്രമേണ, സ്വന്തം കാര്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കാതെ ചെയ്യാനുള്ള പ്രാപ്തി കുഞ്ഞിന് കൈവരുന്നു. അഗസ്ത്യ പ്രോട്ടോകോൾ അനുസരിച്ച്, കൃത്യമായ ആയുർവേദ മരുന്നുകളോടൊപ്പം ചിട്ടയായ ഭക്ഷണക്രമം, വ്യായാമം, ദിനചര്യ, യോഗചര്യ എന്നിവയിലുള്ള പരിശീലനം, ഒക്യുപേഷണൽ അടക്കമുള്ള തെറാപ്പികൾ എന്നിവയും അവശ്യഘട്ടങ്ങളിൽ പഞ്ചകർമ്മങ്ങളടക്കമുള്ള ആയുർവേദചികിത്സകളും വിദഗ്ധരുടെ മേൽനോട്ടത്തിൽ ജീവനീയത്തിൽ പ്രാവർത്തികമാക്കി വരുന്നു. 
  ഓട്ടിസം ബാധിച്ച കുഞ്ഞിനെ വിദഗ്ധപരിശോധനയ്ക്ക് ശേഷം കഴിക്കുവാനും ആവശ്യമെങ്കിൽ പുറമേ പുരട്ടുവാനുമുള്ള മരുന്നുകൾ തീരുമാനിക്കുന്നു. ദഹനവ്യവസ്ഥയുടേയും നാഡീവ്യൂഹത്തിൻറേയും ക്രമക്കേടുകൾ പരിഹരിക്കുക, തലച്ചോറിന്റെ പ്രവർത്തനങ്ങളെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരിക, ആന്തരികമായി ഉൽപാദിപ്പിക്കപ്പെടുന്നതോ ബാഹ്യസമ്പർക്കം വഴി ലഭിക്കുന്നതോ ആയ വിഷപദാർത്ഥങ്ങളുടെ ഉൻമൂലനം, പ്രചോദനങ്ങളോടുള്ള പ്രതികരണം സാധാരണനിലയിൽ ആക്കുക തുടങ്ങി ഓരോ കുഞ്ഞിന്റെയും അവസ്ഥാനുസരണം നിശ്ചയിക്കപ്പെടുന്ന മരുന്നുകൾ പലപ്പോഴും വ്യത്യസ്തമായിരിക്കും. 
Gut therapy
ദഹനവ്യവസ്ഥയും തലച്ചോറിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകം വളരെ മുമ്പേ മനസ്സിലാക്കിയതാണ്. ഓട്ടിസം കേസുകളിൽ മിക്കവാറും ഈ ആമാശയ-മസ്തിഷ്കബന്ധം (gut brain axis) തകരാറിലാണെന്നു കാണാം. ഇതുസംബന്ധിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ആയുർവേദം ഈ അവസ്ഥയെ ആമം എന്ന് വിശേഷിപ്പിക്കുന്നു. ആമാവസ്ഥ മൂലം വയറുവേദന, വയറിളക്കം, വയറുവീർപ്പ്, മലബന്ധം, വിശപ്പില്ലായ്മ, ക്ഷീണം, അരുചി എന്നിവ കാണാം. ഇത്തരം കുഞ്ഞുങ്ങളിൽ വിശപ്പ്, ദഹനം എന്നിവ കൃത്യമായിരിക്കില്ല. ഭക്ഷണം കഴിക്കുന്നത് തെറ്റായ രീതിയിൽ ആയിരിക്കും. ദഹനത്തിലും ആഗിരണത്തിലുമുള്ള ഈ ക്രമക്കേടുകൾ പോഷണത്തേയും ധാതുപരിണാമത്തേയും തകരാറിലാക്കുന്നു. തൽഫലമായി അമോണിയ, ലെഡ്, ലാക്റ്റേറ്റ്, പൈറുവേറ്റ് തുടങ്ങി വിഷാംശങ്ങൾ ഈ കുഞ്ഞുങ്ങളുടെ രക്തത്തിൽ കാണപ്പെടുന്നു. 
ആധുനികരീത്യാ ദഹനപ്രക്രിയയിലുൾപ്പെടുന്ന എൻസൈമുകളും മറ്റു ഘടകങ്ങളുമെല്ലാം ആയുർവേദത്തിലെ അഗ്നി എന്ന പദം കൊണ്ട് സൂചിപ്പിക്കപ്പെടുന്നു. അഗ്നി ശരിയല്ലെങ്കിൽ ആഹാരം വികലമായി ദഹിക്കുന്നു. പകുതി ദഹിച്ചവ ആഗിരണം ചെയ്യപ്പെടാതെ വയറിൽ തന്നെ സ്ഥിതി ചെയ്യുന്നു. അഗ്നിയുടെ ഈ തകരാറിനെ അഗ്നി മാന്ദ്യം എന്നും തൽഫലമായുണ്ടാകുന്ന ഘടകങ്ങളെ ആമം എന്നും പറയുന്നു. നാഡീവ്യൂഹത്തെ ബാധിക്കുന്ന അമോണിയ തുടങ്ങിയ വിഷവസ്തുക്കൾ ഉണ്ടാകുന്നത് അപക്വധാതുപരിണാമം അഥവാ ധാത്വഗ്നിമാന്ദ്യം മൂലമാണ്. ഈ ആമത്തെ ഇല്ലാതാക്കാനും വീണ്ടും ആമം ഉണ്ടാകുന്നത് തടയാനും കൃത്യമായ മരുന്നുകളും ജീവിതശൈലിയും നിർദേശിക്കുന്നു. ദഹന-ആഗിരണ-വിസർജന പ്രക്രിയകൾ ക്രമീകരിച്ച് ശരീരത്തിൻറേയും മനസ്സിൻറേയും താളപ്പിഴകൾ പരിഹരിക്കുന്നു. ഇതുവഴി ശാരീരികമായ അസ്വസ്ഥതകൾക്കും പെരുമാറ്റം വൈകല്യങ്ങൾക്കും ശമനം കൈവരുന്നു. 
 ഓട്ടിസം ബാധിച്ചവരിൽ കാണുന്ന ഡിസ്ബയോസിസ് എന്ന പ്രശ്നത്തിനും അഗസ്ത്യ പ്രോട്ടോകോൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ, പ്രത്യേകിച്ച് കുടലിലും മറ്റും കാണപ്പെടുന്ന നല്ല ബാക്ടീരിയകളുടേയും രോഗകാരികളായവയുടേയും അനുപാതം തകരാറിലാവുന്ന സ്ഥിതിവിശേഷം ആണ് ഡിസ്ബയോസിസ്. അഗസ്ത്യ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയിലെ നിരീക്ഷണഫലങ്ങൾ അനുകൂലമാണെന്ന് 16SrRNA metagenomic profiling വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടിസമുള്ള കുഞ്ഞിൻറേയും രക്ഷിതാക്കളുടേയും അനുഭവസാക്ഷ്യം കൂടാതെ മലപരിശോധനയിലൂടേയും മേൽപറഞ്ഞവ തെളിയിക്കപ്പെട്ടിട്ടുണ്ട്. അഗസ്ത്യ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സക്ക് ശേഷം, നല്ല ബാക്ടീരിയകളുടെ സാന്നിധ്യം കൂടിയതായും രോഗകാരികളായവയുടെ തോത് കുറഞ്ഞതായും ലബോറട്ടറി പരിശോധനകൾ വ്യക്തമാക്കുന്നു. 
ആയുർവേദചര്യ – ജീവിതത്തിലെ പുതിയ അധ്യായം
ഒരു പ്രിസ്ക്രിപ്ഷനിൽ ഒതുങ്ങുന്നതല്ല ആയുർവേദ ചികിത്സ.ഇതിനായി തെരഞ്ഞെടുത്ത രക്ഷിതാക്കൾക്ക് ഏഴു ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഓട്ടിസം ബാധിച്ച കുഞ്ഞും കുടുംബാംഗങ്ങളും രാവിലെ ഉണരുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ പാലിക്കേണ്ട ചിട്ടകളും ആരോഗ്യത്തെ സംബന്ധിക്കുന്ന നിർദ്ദേശങ്ങളും ഇതിൽ പഠിപ്പിക്കുന്നു. കൃത്യായി  ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു. ആയുർവേദം അനുശാസിക്കുന്ന സദ്വൃത്തം, ദിനചര്യ, യോഗചര്യ എന്നിവ ശീലമാക്കുന്നതിലൂടെ കുഞ്ഞിനോടൊപ്പം കുടുംബാംഗങ്ങളുടേയും നിത്യജീവിതത്തിൽ കാതലായ മാറ്റം വരുത്താൻ കഴിയും. ചിട്ടയായ ജീവിതത്തിലൂടെ ആരോഗ്യം എന്ന ലക്ഷ്യത്തിനായി കുടുംബം മുഴുവൻ പാലിക്കേണ്ട നിർദ്ദേശങ്ങളും ഈ പരിശീലനത്തിൻറെ ഭാഗമാണ്. 
യോഗ – സന്തുലനത്തിലേക്കുള്ള താക്കോൽ
ഓട്ടിസം ചികിത്സയുടെ യഥാർത്ഥ ലക്ഷ്യം, കുഞ്ഞിനെ അവനുമായും കുടുംബത്തിലെ മറ്റുള്ളവരുമായും സമരസപ്പെടുവാനും, സ്വന്തം കാര്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കാതെ ചെയ്യാനും, ഫലപ്രദമായി ആശയവിനിമയം നടത്താനും പ്രാപ്തനാക്കുക എന്നുള്ളതാണല്ലോ. ഇതിൽ ജൈവപ്രവർത്തനങ്ങളുടേയും മാനസികവ്യാപാരങ്ങളുടേയും സന്തുലനവും ചുറ്റുപാടുകളുമായുള്ള ചേർച്ചയും ഉൾപ്പെടുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് ചെയ്യുന്ന യോഗ പരിശീലനം ഇതിൽ പ്രധാനമാണ്. കുഞ്ഞ് വളരുന്ന പ്രായത്തിലെ കുടുംബാന്തരീക്ഷം സന്തുഷ്ടവും കുഞ്ഞിനെ അവശ്യശേഷികൾ നേടാൻ സഹായിക്കുന്നതും ആയിരിക്കണം. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളിലെ ശരീരഘടനാപരവും രാസപ്രവർത്തനങ്ങളിലുമുള്ള അസാധാരണതകൾ പരിഹരിച്ച് അനുബന്ധമായി വരാവുന്ന പ്രമേഹം മറ്റു രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതും ചികിത്സയുടെ ലക്ഷ്യമാണ്. ഏഴു ദിവസത്തെ പരിശീലനത്തിൻറെ ഭാഗമായി രക്ഷിതാക്കളെ യോഗാസനങ്ങൾ പഠിപ്പിക്കുന്നു. വീട്ടിൽ എല്ലാവരും ചേർന്ന് ഒരേസമയം യോഗ പരിശീലിക്കാൻ നിർദ്ദേശിക്കുന്നു. ഇതുകാണുന്ന ഓട്ടിസ്റ്റിക് ആയ കുഞ്ഞും പതിയെ ഈ രീതിയോട് ഇണങ്ങുന്നു. കൃത്യമായ ഭക്ഷണവും ജീവിതശൈലിയും യോഗയും ശീലിക്കുന്നത് മുഴുവൻ കുടുംബത്തിനും ആരോഗ്യകരമാണ്. 
 മടങ്ങാം മനുഷ്യപ്രകൃതിയിലേക്ക്
ആയുർവേദം ഓട്ടിസത്തെ നോക്കിക്കാണുന്നത് മനുഷ്യൻ പരിണാമത്തിന്റെ പരിവർത്തനങ്ങളിലൂടെയാണ്. ഒരു സാമൂഹ്യജീവി ആയ മനുഷ്യൻ ആഗോളവൽക്കരണം, വ്യവസായവിപ്ളവം, കമ്പ്യൂട്ടർവൽക്കരണം  എന്നിവയിലൂടെ പുരോഗതി നേടി എന്നു വിശ്വസിച്ചു. ശാസ്ത്രസംഭാവനകൾ പലതും പ്രാകൃത രീതിയിൽ നിന്നും നമ്മുടെ ജീവിതം മെച്ചപ്പെടുത്തി. ചന്ദ്രനിലും ചൊവ്വയിലും വരെ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രം നമ്മെ സഹായിച്ചുവെങ്കിലും ഇടയ്ക്കു വെച്ച് എപ്പോഴോ പുരോഗമനമെന്നാൽ പ്രകൃതിയിൽ നിന്നും അകന്നു ജീവിക്കുന്നതാണെന്ന് മനുഷ്യൻ തെറ്റിദ്ധരിച്ചു. ശുദ്ധമായ വായു, വെള്ളം, മണ്ണ് എന്നിവയുമായി നിരന്തരസമ്പർക്കം പുലർത്തിയും പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണം കഴിച്ചും ജീവിച്ച നമ്മൾ, ശീതീകരിച്ച മുറികളിലേക്കും പാക്കറ്റ് ഭക്ഷണങ്ങളിലേക്കും ഒതുങ്ങിയപ്പോൾ സ്വാഭാവികമായും ശരീരം പ്രതികരിച്ചു തുടങ്ങി. ജനിതകവും പാരിസ്ഥിതികവുമായി എണ്ണമറ്റ കാരണങ്ങളും ലക്ഷണങ്ങളുമുള്ള ഓട്ടിസം, മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്നു ജീവിക്കുന്നതിന്റെ പരിണതഫലമല്ലെങ്കിൽ പിന്നെന്താണ്? വ്യവസായവിപ്ലവഫലമായ രാസമാലിന്യങ്ങൾ മുതൽ റേഡിയോ ആക്ടീവിറ്റി വരെ ഓട്ടിസത്തിന് കാരണമായി കരുതപ്പെടുന്നു. ആയുർവേദം ഇതിനെ ആത്മകർമ്മദോഷജം എന്ന് പറയുന്നു. ഒരർത്ഥത്തിൽ സ്വയംകൃതാനർത്ഥം തന്നെ. ശുദ്ധപ്രകൃതിയിൽ നിന്നകന്ന് ജൈവഘടികാരതാളത്തിന് വിപരീതമായി ജീവിക്കുന്നത്, അഗ്നിമാന്ദ്യം അഥവാ ആഹാരത്തിന്റെ ശരിയല്ലാത്ത ദഹനത്തിനും അതുവഴി സകലരോഗങ്ങൾക്കും വഴിവെക്കുമെന്ന് ആയുർവേദം പറയുന്നു. ഓട്ടിസത്തിലും സ്ഥിതി ഇതുതന്നെ. ഇവിടെയാണ് ജീവിതശൈലീപരിഷ്കരണത്തോടൊപ്പം സർവ്വതോമുഖമായ ഒരു ചികിത്സയുടേയും പ്രാധാന്യം. മരുന്ന്, ഭക്ഷണം, ദിനചര്യ എന്നിവയോടൊപ്പം സാംസ്കാരിക-സാമൂഹിക ഘടകങ്ങൾ ഉൾപ്പെടുന്ന ബഹുമുഖ ചികിത്സാപദ്ധതിയാണ് അഗസ്ത്യ. ഓരോ കുഞ്ഞും വ്യത്യസ്തനാണെന്ന് തിരിച്ചറിയുന്നതോടൊപ്പം ഓട്ടിസത്തിന് ഒരു നിശ്ചിതമരുന്ന് എന്നതിനപ്പുറം സമഗ്രമായ ചികിത്സാപദ്ധതി എന്ന നിലയിൽ ആയിരങ്ങൾക്ക് ആശ്വാസമേകാൻ അഗസ്ത്യ പ്രോട്ടോകോൾ വഴി സാധിക്കുന്നു. ഒരു കുഞ്ഞിൻറെ മാത്രം ചികിത്സ എന്നതിലുപരി  കുടുംബത്തിനു മുഴുവൻ ആരോഗ്യവും സന്തോഷവും സമാധാനവും നൽകുന്നതിൽ ഈ പദ്ധതി ഊന്നൽ നൽകുന്നു. ആയുർവേദ ചികിത്സയോടൊപ്പം ആവശ്യമായ മറ്റു തെറാപ്പികളും കൂടി ചേരുമ്പോൾ ഓട്ടിസമുള്ള കുഞ്ഞ് ക്രമേണ സ്വയംപര്യാപ്തനും സാധാരണ ജീവിതം നയിക്കാൻ പ്രാപ്തനുമായിത്തീരുന്നു.
 
 
Dr Reshmi Pramod
Medical Director, 
Jeevaniyam Ayurveda Hospital and Research centre, 
Pallathu Road, 
Thammanam, 
Cochin-32 
9961518687