Register Now!!!

വൃക്കരോഗങ്ങൾ
വില്ലനാകുമ്പോൾ





ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങളും ജനിതക കാരണങ്ങളും മൂലം വൃക്കസംബന്ധമായ രോഗങ്ങൾ വർധിച്ചുവരുന്നതായി കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവി ഡോ. ജോർജ് പി. ഏബ്രഹാം പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ആസ്ക് യുവർ ഡോക്ടർ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. യൂറോളജി വിഭാഗത്തിൽ കൺസൽറ്റന്റുമാരായ ഡോ. ഡാറ്റ്സൺ ജോർജ് പി., ഡോ. വിനീത് സഖിറെഡ്ഡി, അസോഷ്യേറ്റ് കൺസൽറ്റന്റ് ഡോ. കാർത്തി എ.പി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

വൃക്കയെ അറിയാം

മനുഷ്യ ശരീരത്തിലെ ഏറ്റവും സുപ്രധാനമായ ആന്തരികാവയവങ്ങളിലൊന്നാണ് വൃക്ക. രണ്ട് വൃക്കകളാണ് ഒരാളിൽ ഉണ്ടാകുക. ഒരു വൃക്ക ഭാഗികമായോ പൂർണമായോ തകരാറിലായാലും അവശേഷിക്കുന്ന ഒരു വൃക്കയുടെ ആരോഗ്യം മെച്ചപ്പെട്ടതാണെങ്കിൽ രോഗിക്കു സാധാരണ ജീവിതം നയിക്കാൻ കഴിയും. ശരീരത്തിൽനിന്നു മാലിന്യങ്ങളും അധികമായ ദ്രാവകങ്ങളും നീക്കം ചെയ്യുന്നതാണ് വൃക്കയുടെ പ്രധാന ജോലി. ഇതിനു പുറമേ എല്ലുകളുടെ ആരോഗ്യത്തിലും ചുവന്ന രക്തകോശങ്ങളുടെ നിർമാണത്തിലും വൃക്കയ്ക്കു നിർണായക പങ്കുണ്ട്.  വൃക്കകൾക്കു രോഗം ബാധിച്ച്, രക്തത്തിലെ മാലിന്യം നീക്കം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ഡയാലിസിസ് വേണ്ടിവന്നേക്കാം. ഡയാലിസിസ്കൊണ്ടു പ്രയോജനമില്ലാത്ത ഘട്ടത്തിൽ കിഡ്നി മാറ്റിവയ്ക്കുകയേ മാർഗമുള്ളൂ.

രോഗ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും പിന്നീട് പൂർണമായി നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. ശരീരം നൽകുന്ന സൂചനകൾ ഒരിക്കലും അവഗണിക്കരുത്. കാലുകളിലും കാൽവണ്ണയിലുമുള്ള നീര്, കണ്ണുകൾക്കു ചുറ്റുമുള്ള തടിപ്പ്, ത്വക്കിൽ ചൊറിച്ചിലും വരൾച്ചയും, വിശപ്പില്ലായ്മ തുടങ്ങിയവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. പഠനങ്ങൾ പ്രകാരം ലോകത്ത് 14ാം സ്ഥാനമാണ് കിഡ്നി കാൻസറിനുള്ളത്. മരണനിരക്ക് 41.58 ശതമാനം.  തുടർച്ചയായുള്ള തളർച്ച, മൂത്രമൊഴിക്കാൻ തടസ്സം, മൂത്രത്തിൽ രക്തം, വയറിന്റെ ഒരു വശത്തു തുടർച്ചയായുള്ള വേദന, വയറിൽ നീർവീക്കം എന്നിവ കിഡ്നി കാൻസറിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.

കല്ലുണ്ടോ; സൂക്ഷിച്ചോ

വൃക്കകൾ ആരോഗ്യസ്ഥിതിയിലാണെങ്കിൽ മാത്രമേ മൂത്രസഞ്ചിയിൽനിന്നു മൂത്രം കൃത്യമായി പുറന്തള്ളപ്പെടുകയുള്ളൂ. ഇല്ലെങ്കിൽ മൂത്രത്തിലെ ഉപ്പുപരലുകളും ധാതുക്കളും അടിഞ്ഞ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നു. ഈ കല്ലുകൾകാരണം മൂത്രത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ആവശ്യത്തിനു വെള്ളം കുടിക്കാത്തത് ഒരു പ്രധാന കാരണമാണ്. ഉപ്പിന്റെയും മാംസത്തിന്റെയും ഉപയോഗം കുറയ്ക്കുക. ദിവസം 3 ലീറ്റർ വെള്ളം കുടിക്കുക, ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങൾ കഴിക്കുക, അമിതഭാരം നിയന്ത്രിക്കുകയും വേണം.

സ്ത്രീകളും വൃക്കരോഗങ്ങളും

സ്ത്രീകൾക്കു പ്രായം കൂടുന്നതനുസരിച്ച് വൃക്കരോഗങ്ങളുടെ സാധ്യതയും കൂടുന്നു. വൃക്കയിലെ കല്ലുകൾക്കു പുറമേ പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, ക്രോണിക് കിഡ്നി ഡിസീസ്, തുടങ്ങിയ പ്രശ്നങ്ങളും ഇന്ന് സാധാരണമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു മൂത്രനാളി സംബന്ധമായ അണുബാധകൾ കൂടുതലായി കണ്ടുവരാറുണ്ട്. ഇത് വൃക്കയെ ബാധിക്കാം. മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, വേദന, മൂത്രത്തിൽ രക്തം, പുറത്തും അടിവയറ്റിലും പെൽവിക് ഭാഗത്തും ശക്തമായ വേദന തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകൾ അവഗണിക്കരുത്.

പുരുഷന്മാരും പ്രോസ്റ്റേറ്റ് കാൻസറും

പ്രായംകൂടിയ പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് കാൻസർ കൂടുതലായും കണ്ടുവരാറുള്ളത്. അടുത്ത ബന്ധുക്കൾക്കു പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ രോഗസാധ്യത വളരെക്കൂടുതലാണ്. 50 വയസ്സുകഴിഞ്ഞ പുരുഷന്മാർ പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. രോഗം മൂർഛിച്ചവർക്കു സർജിക്കൽ ചികിത്സാരീതികൾ വേണ്ടിവന്നേക്കാം. എങ്കിലും മറ്റു കാൻസറുകളെ അപേക്ഷിച്ച് രോഗമുക്തി സാധ്യത വളരെ കൂടുതലാണ്.